തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവിറങ്ങി. ഒമ്പത് പ്രധാന കാര്യങ്ങളാണ് അന്വേഷണ സംഘത്തിന്റെ പരിധിയിൽ വരുന്നത്. പദ്ധതിയുടെ തുടക്കം മുതൽ നടന്ന ഇടപാടുകളും തീരുമാനങ്ങളും സമഗ്രമായി പരിശോധിക്കുകയാണ് എസ്ഐടിയുടെ ലക്ഷ്യം.
സ്പോൺസറെ തെരഞ്ഞെടുത്തത് മുതൽ സ്വകാര്യ സ്ഥാപനങ്ങളുടെയും ഇടനിലക്കാരുടെയും പങ്കും സർക്കാർ അനുമതികളും സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്. പ്രധാന സ്പോൺസറായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ്ങിനെ തെരഞ്ഞെടുത്ത നടപടിക്രമവും അതിലേക്ക് നയിച്ച സാഹചര്യങ്ങളും സംഘം പരിശോധിക്കും.
ചില സ്വകാര്യ സ്ഥാപനങ്ങൾക്കും ഇടനിലക്കാർക്കും പദ്ധതിയിൽ ഉണ്ടായിരുന്ന പങ്കും അന്വേഷിക്കും. സ്വകാര്യ സ്ഥാപനങ്ങൾക്ക് ഏതെങ്കിലും തരത്തിൽ അവിഹിത ആനുകൂല്യമോ സാമ്പത്തിക നേട്ടമോ ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. വഴിവിട്ട സഹായങ്ങളിലൂടെ സർക്കാരിനോ പൊതുസ്ഥാപനങ്ങൾക്കോ സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടോയെന്നതും അന്വേഷണത്തിന്റെ ഭാഗമാണ്.
പദ്ധതിക്കായി ഉപയോഗിച്ച ഫണ്ടിന്റെയും ലഭിച്ച സ്പോൺസർഷിപ്പ് തുകകളുടെയും ഉറവിടവും ബന്ധപ്പെട്ട വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. സർക്കാർ ഉത്തരവുകൾ, വിവിധ അനുമതികൾ, ഇളവുകൾ, പൊതുമുതലുകളുടെ ഉപയോഗം എന്നിവ അനുവദിച്ചതിന്റെ സാഹചര്യങ്ങളും അന്വേഷണ പരിധിയിലുണ്ട്.